മഞ്ഞുകാല രോഗങ്ങൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം
നവംബർ അവസാനം മുതൽ ഏകദേശം ഫെബ്രുവരി പകുതി വരെ മഞ്ഞുകാലം നീണ്ടു നിൽക്കുന്നു. രാത്രിയിലും രാവിലെയും മഞ്ഞും തണുപ്പും, പകൽ സമയത്ത് ശക്തമായ വെയിലും കാലാവസ്ഥയുടെ പ്രത്യാകതയാണ്.പെട്ടന്നുള്ള ഈ മാറ്റം പലവിധ അസുഖങ്ങൾക്കും കാരണമായേക്കാം.
നമ്മുടെ ശ്വാസനാളങ്ങൾക്കകത്തുള്ള ശ്ലേഷ്മ പാളി രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കുന്നു. തണുപ്പ് കാലാവസ്ഥയിൽ ഇവയിലെ ഈർപ്പം നഷ്ടപ്പെടുന്നു. ഇങ്ങനെ പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗങ്ങൾ കുടുതൽ ഉണ്ടാകുന്നതിന് കാരണം.
ജലദോശം, ഫ്ലൂ, തൊണ്ട പഴുപ്പ് ,ആസ്ത്മ, അലർജി, വിട്ടുമാറാത്ത ചുമ ,തൊലിപ്പുറമേയുള്ള അസുഖങ്ങൾ എന്നിവയാണ് പ്രധാനമായും മഞ്ഞു കാലത്ത് കുട്ടികളെ അലട്ടുന്ന പ്രശ്നങ്ങൾ.
ജലദോഷം
മഞ്ഞു കാലത്ത് കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണിത്.വിവിധ തരം വൈറസുകൾ ഇതിന് കാരണമാണ്. തുമ്മൽ, മൂക്കടപ്പ് ,മുക്കൊലിപ്പ്, മൂക്ക് -കണ്ണ് ചൊറിച്ചിൽ, ചുമ, തലവേദന, ചെറിയ പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചികിത്സ മാത്രമേ ആവശ്യമുള്ളൂ .ധാരാളം വെള്ളം കുടിക്കുക.ദിവസേന മുന്നോ നാലോ തവണ വെള്ളത്തിൽ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. തണുത്ത ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.
ഇൻഫ്ലുവൻസ (ഫ്ലൂ )
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുമായി തുടങ്ങി പിന്നീട് കഠിനമായ പനി, ശരീര വേദന, അതിയായ ക്ഷീണം, ഛർദ്ദി, തലവേദന എന്നിവ ഉണ്ടാവുകയും ചെയ്യുന്ന രോഗമാണ് ഫ്ലൂ.ഇൻഫ്ലുവൻസ A, B, C എന്ന വൈറസുകളാണ് രോഗത്തിന് കാരണം. രോഗിയോട് അടുത്ത് ഇട പഴകിയാലും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായു വഴിയും രോഗം പകരാം.
* തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് പൊത്തുക.
* സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക.
* രോഗബാധിതർ രോഗം മാറുന്നത് വരെ പൊതു സ്ഥലങ്ങൾ ഒഴിവാക്കുക.
* ഭക്ഷണവും വെള്ളവും ചൂടുള്ളത് മാത്രം കഴിക്കുക.
* ചൂടുവെള്ളത്തിൽ ആവി കൊള്ളുന്നത് ആശ്വാസം നൽകും.
തൊണ്ട പഴുപ്പ്(ടോൺസിലൈറ്റിസ്)
തൊണ്ടയെ ബാധിക്കുന്ന വൈറസ് / ബാക്റ്റീരിയ ബാധയാണ് തൊണ്ട പഴുപ്പ്.കഠിനമായ തൊണ്ട വേദന, ശക്തിയായ പനി,ക്ഷീണം, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇളം ചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിലെ കവിളിൽ കൊള്ളുന്നത് വേദന കുറയാനും രോഗം ഭേദമാകാനും സഹായിക്കും.
ആസ്ത്മ
ശ്വാസകോശങ്ങളെ, പ്രത്യാഗിച്ച് ശ്വാസനാളികളെ ബാധിക്കുന്ന അലർജിയാണ് ആസ്തമ. ആസ്ത്മയ്ക്ക് കാരണമായ വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോൾ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികൾ മുറുകുകയും ഉള്ളിൽ നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു.ഇക്കാരണങ്ങളാൽ ശ്വാസനാളികൾ ചുരുങ്ങുകയും സാധാരണ രീതിയിലുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നു.ചുമ, ശ്വാസംമുട്ടൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. തണുത്ത ഭക്ഷണം കഴിക്കുന്നതും മഞ്ഞുള്ളപ്പോൾ പുറത്ത് കളിക്കുന്നതും ഒഴിവാക്കുക.
അലർജി
മൂക്കൊലിപ്പ്, തുമ്മൽ, കണ്ണ് ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളോട് കൂടി വരുന്ന അലർജി രോഗങ്ങളും മഞ്ഞുകാലത്ത് കൂടുതലാവാം. എല്ലാ ദിവസവും ചൂടുവെള്ളത്തിൽ ആവി കൊള്ളുന്നത് ആശ്വാസം നൽകും.
മഞ്ഞുകാലത്ത് കൂടുതലായി കാണുന്ന ത്വക്ക് രോഗങ്ങൾ
വരണ്ട ചർമ്മം (ഡ്രൈ സ്കിൻ)
തണുത്ത കാലാവസ്ഥയിൽ തൊലിപ്പുറം വരളുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. തൊലിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകൾ ഗുണം ചെയ്യും.
എക്സിമ
തൊലിപ്പുറമെയുണ്ടാകുന്ന അലർജി രോഗമാണ് എക്സിമ.തണുത്ത കാലാവസ്ഥയിൽ ഈ രോഗം മൂർച്ചിക്കാൻ സാധ്യതയുണ്ട്. കുളിച്ചതിന് ശേഷം ശരീരത്തിലെ ഈർപ്പം നില നിർത്താൻ സഹായിക്കുന്ന ക്രീമോ ലോഷനോ തേയ്ക്കുന്നത് ഇത് നിയന്ത്രിക്കുന്നു.
സോറിയാസിസ്
മഞ്ഞും തണുപ്പും ഈ രോഗം വർദ്ധിക്കാൻ കാരണമാകുന്നു.
കരപ്പൻ
കുട്ടികളിൽ തണുപ്പ് കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട രോഗമാണ് കരപ്പൻ (Atopic
Dermatitis). കരപ്പനുള്ള കുട്ടികളുടെ ചർമ്മം സ്വാഭാവികമായും വരണ്ടതാണ്. തണുപ്പ് കാലത്ത് ഇത് കൂടുതൽ രൂക്ഷമാകുന്നു. ചർമ്മം ചൊരിഞ്ഞു തടിക്കുവാനും കാരണമാകുന്നു. കരപ്പനുള്ള കുട്ടികൾ സോപ്പിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.പകരമായി ചർമ്മത്തിന് വരൾച്ച ഉണ്ടാക്കാത്ത വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്.
തണുപ്പുകാലത്ത് രൂക്ഷമാകുന്ന മറ്റു ചില ചർമ്മ രോഗങ്ങളാണ് താരൻ, പാദം വിണ്ടുകീറൽ എന്നിവ.
* തണുപ്പിൽ നിന്നുള്ള പ്രതിരോധത്തിന് കട്ടിയുള്ള കോട്ടൺ ഡ്രസ്സുകൾ, കമ്പിളി ഉടുപ്പുകൾ എന്നിവ ഉപയോഗിക്കാം.
* തണുത്ത ഭക്ഷണം, തണുത്ത വെള്ളം എന്നിവ കൊടുക്കരുത്. ഭക്ഷണവും വെള്ളവും ഇളം ചൂടോടെ തന്നെ കൊടുക്കുക.
* ജലദോഷം, വൈറൽ പനി തുടങ്ങി വേഗം പകരുന്ന അസുഖങ്ങളുള്ള കുട്ടികളോട് അസുഖം ഭേദമായതിന് ശേഷം സ്കൂളിൽ വന്നാൽ മതിയെന്ന് നിർദേശിക്കുക.
ഡോ.നസീറ കെ
B.H. M.S
WWW.HOMOEOMEDICOS.COM
E mail: [email protected]